വാഷിംഗ്ടൺ: അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ കഴിഞ്ഞ 14 വർഷങ്ങളായി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതായി റിപ്പോർട്ട്. വിദേശമാധ്യമമായ ബസ്ഫീഡ് ന്യൂസ് ആണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. പീഡനത്തിന് ഇരയായവരിലധികവും പിഞ്ചു കുട്ടികളാണ്.
ലൈംഗിക ചൂഷണത്തിന് പിന്നിലെ പ്രധാന പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ജീവനക്കാരും കോൺട്രാക്ടർമാരുമാണെന്ന് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. പത്തോളം പേർ വർഷങ്ങളായി നിരവധി കേസുകളിൽ പ്രതികളാണ്. ആഭ്യന്തരമായി നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളുടെ പേരിൽ കേസെടുത്തെങ്കിലും, ഇവർ ശിക്ഷ ലഭിക്കാതെ കുറ്റവിമുക്തരായെന്നും ന്യൂസ് എജൻസി റിപ്പോർട്ട് ചെയ്യുന്നു.
വിവരാവകാശ നിയമപ്രകാരം ഫയൽ ചെയ്യപ്പെട്ട മൂന്ന് കേസുകളെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ചാര പ്രവർത്തനത്തിലും അപകടം പിടിച്ച മറ്റു പല ജോലികളിലും മിടുക്കരായ പ്രതികളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കേസുകൾ സി.ഐ.എ വളരെ രഹസ്യമായി കൈകാര്യം ചെയ്യുന്നത്. ഇവർ ശിക്ഷിക്കപ്പെട്ടാൽ, തന്ത്രപ്രധാനമായ പലവിവരങ്ങളും ചോരുമെന്നും സി.ഐ.എ ഭയപ്പെടുന്നു.
രണ്ടും ആറും വയസ്സ് പ്രായത്തിലുള്ള കുട്ടികളെ സി.ഐ.എ ഏജന്റുമാർ പീഡിപ്പിച്ചതാണ് ഒരു കേസ്. മറ്റൊരു കേസിൽ, മൂന്ന് ചെറിയ പെൺകുട്ടികളുടെ അമ്മമാർ ചിത്രീകരിച്ച വീഡിയോകൾ പ്രതികൾ ബലമായി പിടിച്ചെടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്റെ പക്കൽ നിന്നും വിവിധ പെൺകുട്ടികളുടെ 1400 നഗ്നചിത്രങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ 14 വർഷങ്ങളിലായി ഇത്തരം നിരവധി സംഭവങ്ങൾ നടന്നുവെന്നാണ് അമേരിക്കൻ മാധ്യമമായ ബസ് ഫീഡ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments