കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ബാധ്യത തീർത്ത് കേരളം ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഏറ്റെടുത്തതെന്നും സ്ഥാപനം ജനുവരിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നപ്പോള്‍ വരുത്തിവച്ച മുഴുവന്‍ ബാധ്യതകളും തീര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്തത്. ഉല്‍പാദനച്ചെലവ് കുറച്ച് ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ രീതിയിലാണ് പുതിയ കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക’, മന്ത്രി പറഞ്ഞു.
‘നാല് ഘട്ടങ്ങളിലായി 46 മാസങ്ങള്‍ എടുത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ന്യൂസ് പ്രിന്റ്, റൈറ്റ് & പ്രിന്റ് പേപ്പര്‍ ഉല്‍പാദനവും മൂന്നാം ഘട്ടത്തില്‍ പേപ്പര്‍ ബോര്‍ഡ് നിര്‍മ്മാണവും നാലാം ഘട്ടത്തില്‍ ക്രാഫ്റ്റ് ഗ്രേഡ് പേപ്പര്‍ നിര്‍മ്മാണവും ലക്ഷ്യമിടുന്നു’, മന്ത്രി വ്യക്തമാക്കി.
Post Your Comments