കോഴിക്കോട്: സർക്കാർ നിലപാടിനെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പിഎംഎ സലാം രംഗത്ത്. വഖഫ് ബോർഡിന്റെ അവകാശങ്ങൾ കവർന്നെടുത്ത് വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്ന സർക്കാർ നിലപാടിനെതിരെ മത സംഘടനകൾ നടത്തുന്ന പ്രതിഷേങ്ങളെ തടയാൻ സിപിഎം ഇറക്കിയ പത്രക്കുറിപ്പ് പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് പിഎംഎ സലാം പറഞ്ഞു.
‘വിശ്വാസി സമൂഹത്തോട് സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസാരിക്കാനുള്ള മഹല്ല് നേതൃത്വത്തിന്റെ അവകാശത്തെ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് മാർക്‌സിസ്റ്റ് പാർട്ടി ചെയ്യുന്നത്. സർക്കാരിൽ നിന്നോ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ വിശ്വാസികൾക്കെതിരായ നിലപാടുകൾ ഉണ്ടാവുമ്പോൾ ആ വിഷയത്തിൽ മതനേതാക്കൾ മുൻകാലങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് എല്ലാ മത വിഭാഗങ്ങളിലും പതിവാണ് എന്നിരിക്കെ പ്രതികരിക്കാൻ പോലും അവകാശമില്ലാത്ത സമുദായമാക്കി മുസ്‌ലിം മതവിശ്വാസികളെ മാറ്റി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമം’- പിഎംഎ സലാം പറഞ്ഞു.
Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി
‘മുസ്ലിം മത സംഘടനകളുടെ കൂട്ടായ തീരുമാനത്തെ തമസ്‌കരിച്ച് മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം ശ്രമം വിലപ്പോവില്ല. നിയമം പാസ്സാക്കിയ ശേഷം നടപ്പാക്കിയിട്ടില്ലെന്ന് ഇപ്പോൾ അവകാശപ്പെടുന്നത് തന്നെ കുറ്റം സമ്മതിക്കലാണ്. മത സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെകുറിച്ച് വിശ്വാസ സമൂഹത്തോട് പറയാൻ പാടില്ലെന്ന കമ്മ്യൂണിസ്റ്റ് അജണ്ട കേരളത്തിൽ നടപ്പാവില്ലെന്നതോർക്കണം. വഖഫ് സ്ഥാനങ്ങൾക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽകരണവുമായി മുസ്ലിം സംഘടനകൾ മുന്നോട്ടു പോവും. മഹല്ലുകളിൽ സംഘർഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ആഹ്വാനം നടത്തുന്ന കുത്സിത ശ്രമത്തിൽനിന്ന് സിപിഎം പിന്തിരിയണം’- പിഎംഎ സലാം പറഞ്ഞു
Post Your Comments