ന്യൂയോർക്ക്: കോവിഡ് 19 വാക്സിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്വർക്ക് സ്ഥാപകനും സിഇഒയുമായ മാർകസ് ലാംബ് (64) ആണ് മരിച്ചത്. മാർകസിന്റെ മരണം ചാനൽ തന്നെയാണ് സ്ഥിരീകരിച്ചത്. മരണക്കുറിപ്പിൽ കോവിഡ് ആണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മാർക്കസ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
‘ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്വർക്ക് സ്ഥാപകനും പ്രസിഡണ്ടുമായ മാർകസ് ലാംബ് ഇന്നു രാവിലെ ദൈവത്തിലേക്ക് മടങ്ങിയതായി ദുഃഖഭാരത്തോടെ അറിയിക്കുന്നു. അവരുടെ കുടുംബത്തിന് സ്വകാര്യത ആവശ്യമുണ്ട്. അത് മാനിക്കപ്പെടേണ്ടതുണ്ട്. അവർക്കായി പ്രാർത്ഥിക്കുന്നു’ – എന്നാണ് ചാനൽ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച മാർകസിൻറെ മകൻ ജൊനാഥൻ പിതാവിൻറെ രോഗശമനത്തിനായി പ്രാർഥിക്കാൻ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാർകസ് കോവിഡിൽ നിന്നും രക്ഷപെടാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മകനും രംഗത്ത് വന്നിരുന്നു. 1997ലാണ് ലാംപ് ഡേ സ്റ്റാർ ആരംഭിച്ചത്. യുഎസിൽ 70ലേറെ ടെലവിഷൻ സ്റ്റേഷനുകൾ നെറ്റ്വർക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ വാക്സിൻ വിരുദ്ധ പ്രചാരകർക്ക് വലിയ തോതിൽ ഇടം ചാനൽ അനുവദിച്ചിരുന്നു.
Post Your Comments