കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോയെന്ന് കോടതി ചോദിച്ചു. പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നത് കൊണ്ടാണ് ആത്മഹത്യകള്‍ ഉണ്ടാകുന്നതെന്ന് കോടതി പറഞ്ഞു. ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
വീഡിയോ ദ്യശ്യങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്നുവെന്നും ഒരു കുട്ടിയെ തടഞ്ഞ് വച്ച് എന്തിനാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. കാക്കി ഈഗോയാണ് ചില പൊലീസുകാര്‍ക്ക്. പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസിനോട് തിരിച്ച് എന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.
Read Also : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മുന്‍സൈനികന്‍ അറസ്റ്റില്‍, പ്രതിക്കെതിരെ നിരവധി കേസുകള്‍
ഉദ്യോഗസ്ഥയുടെ ഫോണാണോ കുട്ടിയുടെ ജീവിതമാണോ വിലപിടിച്ചതെന്ന് കോടതി ചോദിച്ചു. ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമായിരുന്നോ, എന്തിനാണ് ഇങ്ങനെ പിങ്ക് പൊലീസ് എന്നും കോടതി കുറ്റപ്പെടുത്തി. കേസിന്റെ എല്ലാ വിശദാംശങ്ങളും ഹാജരാക്കാന്‍ ഡിജിപി അനില്‍കാന്തിന് കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തി.
Post Your Comments