ന്യൂഡല്‍ഹി: സ്കൂള്‍ ചരിത്രപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശ. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വേണമെന്നാണ് എം.പി വിനയ് പി. സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചിരിക്കുന്നത്. മുഗള്‍ രാജാക്കന്മാരെ അനാവശ്യമായി പ്രകീര്‍ത്തിക്കുന്നതിന് പകരം രജപുത്ര രാജാക്കന്മാരെ കുറിച്ച് പഠിപ്പിക്കണം. കാള്‍ മാര്‍ക്സിനെ കുറിച്ച് പഠിപ്പിക്കുന്നതിന് മുമ്പ് ഗുരു നാനാക്കിനെ കുറിച്ച് പഠിപ്പിക്കണം മുതലായവയാണ് നിര്‍ദേശങ്ങള്‍.
എന്‍.സി.ഇ.ആര്.ടി, എസ്.സി.ഇ.ആര്.ടി. ചരിത്രപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനായാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കണം പാഠപുസ്തകങ്ങള്‍. ദേശീയ ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നതുമാകണം -സമിതി ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തകങ്ങളില്‍ മുഗള്‍ രാജാക്കന്മാരെ അനാവശ്യമായി ഏറെ പ്രകീര്‍ത്തിക്കുന്നതായാണ് സമിതിയുടെ വിലയിരുത്തല്‍. മുഗള്‍ രാജാക്കന്മാരുടെ പ്രധാന്യം കുറച്ചുകൊണ്ട് ദേശസ്നേഹികളായ സിഖ് ഗുരുമാരെ കുറിച്ചും അവരുടെ പോരാട്ടത്തെ കുറിച്ചും പഠിപ്പിക്കണം.
ഗുരു നാനാക്കിനെ ബാബര്‍ തടവിലാക്കിയത്, ഗുരു അര്ജുന് ദേവിനെ ജഹാംഗീര്‍ കൊലപ്പെടുത്തിയത് തുടങ്ങിയവ പഠിപ്പിക്കണം. ഔറംഗസീബിന്റെയും ജഹാംഗീറിന്റെയും മതപരമായ അസഹിഷ്ണുത, മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിന് ഗുരു തേജ് ബഹാദൂര്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് എന്നിവ ഉള്‍പ്പെടുത്തണം.മുഗള്‍ ഭരണാധികാരികളെ പ്രകീര്‍ത്തിക്കുന്നതിനു പകരം മഹാറാണാ പ്രതാപ്, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ് ജി, ഭായ് ബച്ചിതര്‍ എന്നീ ഇന്ത്യന്‍ പോരാളികളെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. കൂടാതെ, മുഗള്‍വംശവും ഹിന്ദു രജപുത്ര ചക്രവര്‍ത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനവും ഉള്‍ക്കൊള്ളിക്കണം.- ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഈ നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്.
പാഠപുസ്തക പരിഷ്കാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ലമെന്ററി സമിതി ശുപാര്‍ശകള്‍.കെട്ടിടങ്ങളുടെ ചിത്രങ്ങളില്‍ മുഗള്‍ വാസ്തുകലയിലുള്ളവ ഏറെയുണ്ടെന്നും ഇതേ കാലയളവില്‍ സിഖ് ഉള്‍പ്പെടെയുള്ള മറ്റു മതങ്ങളും പുഷ്കലമായിരുന്നെന്നും സമിതി നിരീക്ഷിച്ചു. ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ യൂറോപ്പിലെ സോഷ്യലിസവും റഷ്യന്‍ വിപ്ലവവും എന്ന അധ്യായത്തിലും കൂട്ടിച്ചേര്‍ക്കലുകള്‍ നിര്‍ദേശിച്ചു.
കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ ഗുരു നാനാക്കിന്റെ ആത്മീയ സോഷ്യലിസം പഠിപ്പിക്കണമെന്നാണ് മറ്റൊരു മുഖ്യശുപാര്‍ശ. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം എന്നിവയില്‍ ഏതെങ്കിലുമൊന്നു പഠിപ്പിച്ചാല്‍ മതി. അന്താരാഷ്ട്ര ചരിത്രത്തിനു മുമ്പ് ദേശീയ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. ആറാം ക്ലാസില്‍ പുരാതന ചരിത്രപാഠത്തില്‍ രാമായണവും മഹാഭാരതവും ഉള്ളതിനാല്‍ തമിഴിലെ ചിലപ്പതികാരത്തെക്കുറിച്ചുള്ള വിവരണം വേണ്ടെന്നും പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.
Post Your Comments