ന്യൂഡല്‍ഹി: കൊവിഡിന്റെ രൂപന്തരം പ്രാപിച്ച ഒമിക്രോണ്‍ വൈറസ് ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അത് കണ്ടെത്തുന്നതിന് സമയമെടുത്തേക്കുമെന്നും ഐസിഎംആര്‍ എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ പറഞ്ഞു. ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് നിരവധി യാത്രകള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇന്ത്യയിലും ഒമിക്രോണ്‍ കണ്ടെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സമീരന്‍ പാണ്ഡെ പറയുന്നു.
Read Also : ആശ്വാസ നടപടി: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും
ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ലബോറട്ടറികള്‍ ഉള്‍പ്പെടെ ഇന്ത്യ തയ്യാറെടുപ്പുകള്‍ നന്നായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും രോഗബാധ പൂര്‍ണമായി തടയാനാകില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. മാസ്‌ക് ധരിച്ചും, കൈകള്‍ അണുവിമുക്തമാക്കിയും, കൂട്ടം കൂടുന്നത് ഒഴിവാക്കിയും രോഗവ്യാപനം തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനുകള്‍ക്ക് മാത്രമായി വൈറസിനെ നേരിടാന്‍ കഴിയില്ല. എന്നാല്‍ രോഗം ഗുരുതരമാകുന്നതും, ആശുപത്രിവാസവും, മരണവും കുറയ്ക്കാന്‍ വാക്സിനുകള്‍ സഹായിക്കും. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കണം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ക്ക് അത് ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments