കൊല്ലം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങാപ്പാറ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം പത്മനാഭം വീട്ടിൽ ഹരികൃഷ്ണൻ (21), കോഴിക്കോട് ഫറൂക്ക് കല്ലുംപാറ ചേരിയിൽ പെരുമുഖം തണ്ണിച്ചാൽ ഹൗസിൽ സഹൽ മുഹമ്മദ് (22), പാലക്കാട് ശേഖരപുരം കൽപാത്തി കമലാലയം കോംമ്പൗണ്ട് 32-ൽ സോപാനം വീട്ടിൽ അഭിഷേക് (22), ആലപ്പുഴ ചേർത്തല അരൂക്കുറ്റി നടുവേത്ത് നഗർ അരുണ്മാസ് വീട്ടിൽ നബ്ഹാൻ അനീസ് (22), കണ്ണൂർ പയ്യന്നൂർ വെളളൂർ അഞ്ഞൂറിൽ കിസാൻ കോവിൽ ശ്രീകൃഷ്ണ വീട്ടിൽ അശ്വിൻ മനോഹർ (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊല്ലത്തെ പ്രമുഖ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് സുബ്ഹാനും ആലമും. ഇവർ കോളേജ് പാർക്കിൽ ഇരുന്നതിനാണ് സീനിയർ വിദ്യാർഥികൾ ഉപദ്രവിച്ചത്. വിദ്യാർഥികളെ സമീപത്തെ റെയിൽവേ പാലത്തിനടിയിലേക്ക് കൊണ്ടുപോയി ഭിത്തിയോട് ചേർത്ത് നിർത്തി മർദിക്കുകയും തുടർന്ന് തല റെയിൽവേ ട്രാക്കിനോട് ചേർത്ത് വച്ച് തലയിലും മൂക്കിലും ഇടിക്കുകയും ചെയ്തു. മൂക്കിൽ നിന്നും രക്തം വന്നപ്പോൾ ഇവരെ ഹോസ്റ്റൽ മുറിയിൽ കൊണ്ടുപോയി മുറിവുകൾ കഴുകി വൃത്തിയാക്കി പറഞ്ഞയ്ക്കുകയായിരുന്നു.
Read Also : നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കാം
പരിക്കേറ്റ ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് റാഗിങ്ങ് വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തത്.
കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് എ.പി, ശ്രീനാഥ് വി.എസ്, താഹകോയ, ജയൻ കെ, സക്കറിയ, എഎസ്ഐ സജീല, സിപിഒ ഷാജി, ദീപു ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments