Latest NewsIndia

ബംഗാളിന് പുറത്തും സ്ഥാനമുറപ്പിക്കാൻ വന്ന തൃണമൂൽ തകർന്നടിഞ്ഞു: മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം

ബംഗാളിൽ തുടർഭരണത്തിലേറിയ ശേഷമാണ് മമത ബാനർജി മരുമകൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ ത്രിപുരയിലേക്ക് പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങിയത്.

അഗർത്തല: ത്രിപുര പിടിക്കാൻ ബംഗാളിൽ നി്ന്ന് കുടിയേറിയ തൃണമൂൽ കോൺഗ്രസിനെ കണ്ടംവഴി ഓടിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തൃണമൂൽ 119 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ബംഗാളിൽ തുടർഭരണത്തിലേറിയ ശേഷമാണ് മമത ബാനർജി മരുമകൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ ത്രിപുരയിലേക്ക് പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങിയത്.

ബംഗാൾ മോഡലിൽ ബിജെപി നേതാക്കളെ സംഘർഷത്തിൽ കുടുക്കാനും പ്രവർത്തകരെ കായികമായി നേരിട്ട് സംഘടനാ പ്രവർത്തനം ദുർബ്ബലപ്പെടുത്താനുമായിരുന്നു തൃണമൂലിന്റെ ശ്രമം. ത്രിപുരയിൽ ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ച് കേസിൽ കുടുക്കുകയായിരുന്നു തൃണമൂൽ പയറ്റിയ തന്ത്രം. സമാനമായ നിരവധി കേസുകൾ അടുത്തിടെ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ തൃണമൂലിന്റെ ഗൂഢനീക്കം തിരിച്ചറിഞ്ഞ ജനങ്ങൾ പൂർണമായി കൈവിടുകയായിരുന്നു.

119 സീറ്റുകളിൽ മത്സരിച്ചെങ്കിലും അംബസ നഗർ പഞ്ചായത്തിലെ ഒറ്റ സീറ്റ് മാത്രമാണ് തൃണമൂലിന് ലഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് തൃണമൂൽ ത്രിപുരയിൽ പ്രവർത്തനം തുടങ്ങിയതെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ അഭിഷേക് ബാനർജിയുടെ പ്രതികരണം. അസാമാന്യ ധൈര്യം കാണിച്ച ത്രിപുരയിലെ തൃണമൂൽ പടയാളികളെ അഭിനന്ദിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററിൽ പ്രതികരിച്ചു.

അഭിഷേകിനായിരുന്നു ത്രിപുരയുടെ ചുമതല മമത നൽകിയത്. ബംഗാളിന് പുറത്തേക്ക് തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ത്രിപുര ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് കടന്നത്. ത്രിപുരയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ച സാഹചര്യം ബംഗാളിലേതിന് സമാനമാണെന്നും അതും അനുകൂലമാകുമെന്നും മമത കണക്കുകൂട്ടി. ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണത്തോടും അവിടെ തങ്ങൾ നടപ്പാക്കിയ വികസന പദ്ധതികളും താരതമ്യം ചെയ്തായിരുന്നു ഇവിടെ തൃണമൂൽ വോട്ട് തേടിയത്.

334 സീറ്റുകളിൽ 329 എണ്ണവും നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 112 സീറ്റുകളിൽ മത്സരത്തിലേക്ക് നീങ്ങാതെ തന്നെ ബിജെപി വിജയിച്ചിരുന്നു. ബാക്കി 222 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 217 സീറ്റുകൾ ബിജെപി വിജയിച്ചു. അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിൽ ആകെയുളള 51 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button