
തിരുവനന്തപുരം: നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളതെന്ന് ദത്ത് വിവാദത്തിൽ അനുപമ ചന്ദ്രൻ. ശബരിമല വിഷയത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെന്‍ഡര്‍ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാര്‍ട്ടിക്ക് എന്റെ വിഷയത്തില്‍ ആ നിലപാടില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടുന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ലെന്നും മനസ്സിലായിട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ് പാർട്ടിയുടെ പ്രശ്നമെന്നും അനുപമ പറയുന്നു. ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.
തെറ്റുകള്‍ മറച്ചു പിടിക്കാനാണ് പാർട്ടി ഇപ്പോഴും നോക്കുന്നതെന്ന് അനുപമ പറയുന്നു. അംഗത്വമുള്ളവരെ ചിന്താശേഷി ഇല്ലാതെ വളർത്തുകയാണ് പാർട്ടി ഇപ്പോൾ ചെയ്യുന്നതെന്ന് പറഞ്ഞ അനുപമ, സൈബര്‍ പോരാളികള്‍ അവര്‍ക്കു കിട്ടുന്ന ക്യാപ്‌സൂളുകള്‍ അതേപടി വിഴുങ്ങുകയാണെന്നും സ്വന്തം ചിന്താശേഷി പോലും അടിയറവച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങേണ്ട അവസ്ഥയാണ് പാർട്ടിയിലുള്ളതെന്നും വിമർശിച്ചു. നവോത്ഥാനമൊക്കെ പാര്‍ട്ടിക്ക് പുറത്തേയുള്ള, അകത്തേക്ക് ഇനിയുമത് എത്തിയിട്ടില്ലെന്നും അനുപമ പരിഹസിച്ചു.
‘നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം, കുലസ്ത്രീകളായിരിക്കണം, വീട്ടിനകത്ത് പെരുമാറേണ്ടത് അത്തരത്തിലായിരിക്കണം, തുടങ്ങി ഒരുപാട് കണ്ടീഷന്‍സിന്റെ നിര തന്നെയുണ്ട്. അച്ഛന്‍ എന്ന് പറയുന്നത് എപ്പോഴും ഒരു സെക്കന്ററി തിങ്ങ് ആണ്. അമ്മ- കുഞ്ഞ് എന്നുപറയുന്ന റിലേഷനില്‍, വേണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാനുള്ള എക്‌സ്ട്രീമായിട്ടുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്. ഈ നവോത്ഥാനം പ്രസംഗിക്കുന്നവര്‍ക്ക് അത് വീടിന് വെളിയിലിറങ്ങുമ്പോള്‍ മാത്രം ധരിക്കാനുള്ളതാണ്, വീടിനകത്ത് കയറുമ്പോള്‍ അഴിച്ച് വെക്കും. അതാണ് അവരുടെ നവോത്ഥാനം. അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം? അണ്‍വെഡ് ആയിട്ടുള്ളവര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ’, അനുപമ ചോദിക്കുന്നു.
Post Your Comments