തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ അനുപമ ചന്ദ്രന് തിരികെ ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അനുപമയ്ക്കും പങ്കാളി അജിത്തിനും നേരെ സൈബർ സഖാക്കൾ നടത്തുന്ന സൈബർ ആക്രമണത്തിന് ഇപ്പോഴും യാതൊരു കുറവുമില്ല. സൈബർ ആക്രമണത്തിന്റെ ചുവട് പിടിച്ച് അജിത്ത് ഭരണകൂടതയുടെ ഇരയാണെന്നും അജിത്തിന് സർക്കാർ ജോലി നൽകണമെന്നുമുള്ള രീതിയിൽ വ്യാജ പോസ്റ്ററുകൾ വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. ഇടതു നിരീക്ഷകനായ റെജി ലൂക്കോസും പോസ്റ്റർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അനുപമയുടെ പങ്കാളി അജിത്ത് സർക്കാർ ജോലി ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററുകൾക്ക് താഴെ, രണ്ടു പേരേയും തേജോവധം ചെയ്യുന്ന അങ്ങേയറ്റം വയലൻസ് കലർന്ന കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘ഐക്യധാർഡ്യം: സ്വതന്ത്ര കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഈ ‘ഫിറ്റർക്ക്’ സർക്കാർ ജോലി നൽകി സംരക്ഷിക്കണം എന്ന ആവശ്യത്തിന് പൂർണ്ണ പിന്തുണ’ എന്നാണു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് റെജി ലൂക്കോസ് കുറിച്ചു.
‘പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. അജിത്ത് ഭരണകൂടതയുടെ ഇരയാണ്, സർക്കാർ ജോലി നൽകണം. സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ നിവേദനം’ എന്ന തരത്തിലാണ് വ്യാജ പോസ്റ്റർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. പോസ്റ്ററിൽ, കെ. അജിത, കെ. സച്ചിദാനന്ദൻ, ശീതൾ ശ്യാം, മൃദുല ദേവി എസ്, ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട കുഞ്ഞിനെ നിയമ പേരാട്ടത്തിലൂടെ നേടിയ ഒരു കുടുംബത്തെ സി.പി.എം പ്രവർത്തകരും സൈബർ സഖാക്കളും വീണ്ടും ആൾക്കൂട്ട വിചാരണ നടത്തുകയാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.
Post Your Comments