മുംബൈ: ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില കുറയ്ക്കാനായി ഒപെക് രാജ്യങ്ങള്‍ക്ക് എതിരെ നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോള്‍ കോവിഡിന്റെ പുതിയ രൂപമായ ഒമിക്രോണ്‍ ലോകരാജ്യങ്ങളില്‍ ഭീതിവിതച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപെക് രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്തി വില കുറയ്ക്കാനുള്ള നീക്കമായിരുന്നു പെട്രോളിയം ഉപഭോക്തൃ രാജ്യങ്ങള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണ പുറത്തെടുത്തു തുടങ്ങുകയും ചെയ്തു.
Read Also : അടച്ചിട്ട ഹാളുകളിൽ 100 പേർക്ക് പ്രവേശനാനുമതി: വിവാഹങ്ങൾക്കും ഒത്തു ചേരലുകൾക്കും പുതിയ നിബന്ധനയുമായി അബുദാബി
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. നവംബര്‍ 26ന് മാത്രം ഏഷ്യന്‍ വിപണിയില്‍ ബാരലില്‍ നാലു ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് വിപണിയില്‍ ആറു ഡോളറാണ് കുറഞ്ഞത്. തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറത്തെടുക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസും ജപ്പാനും ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരുന്നു. ഇതും എണ്ണവില കുറയാന്‍ ഇടയാക്കിയെന്ന വിലയിരുത്തലുണ്ട്.
ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. ഇതോടെയാണ് മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിര്‍ണായക നീക്കത്തിന് ആഹ്വാനം ചെയ്തത്. ഇതാദ്യമായാണ് യുഎസ് ഏഷ്യന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്.എന്തായാലും കരുതല്‍ ശേഖരം പുറത്തെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ഇടിയുകയായിരുന്നു.
Post Your Comments