ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിസിനസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ കൂട്ടുകാരനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പ് അംബേദ്കര്‍നഗര്‍ ജില്ലയില്‍ ഹൈവേയിലാണ് ലോറിയിടിച്ച് മരിച്ചനിലയില്‍ സഞ്ജയ് വര്‍മ്മയെ കണ്ടെത്തിയത്. കാറിന്റെ ഡ്രൈവര്‍ സീറ്റിലായിരുന്നു സഞ്ജയ് വര്‍മ്മ. തലയോട്ടിക്ക് പൊട്ടലുണ്ടായിരുന്നു. തുടക്കത്തില്‍ വാഹനാപകടത്തില്‍ ബിസിനസുകാരന് മരിച്ചു എന്നതായിരുന്നു പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.
Read Also : അറവു ജോലി ചെയ്ത പരിചയത്തിൽ മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി: തെളിവായത് കത്തിയും ചാക്കും
കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയിന്റെ കൂട്ടുകാരന് പ്രവീണ്‍ പട്ടേലും കൂട്ടാളി അജിത് കുമാര്‍ വര്‍മ്മയും അറസ്റ്റിലായത്. തന്റെ ഭാര്യയ്ക്ക് സഞ്ജയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രവീണിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി എന്ന പേരില്‍ സഞ്ജയിനെ പട്ടേല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. മദ്യം നല്കിയ ശേഷം പ്രവീണിന്റെ കൂട്ടാളിയായ അജിത് സഞ്ജയിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റിയ ശേഷം ഹൈവേയിലേക്ക് കൊണ്ടുവന്നു. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ സഞ്ജയിനെ ഇരുത്തി ആക്സിലേറ്റര്‍ കൂട്ടിയ ശേഷം അജിത് പുറത്തേയ്ക്ക് ചാടി. ഈസമയത്ത് എതിരെ വന്ന ലോറിയില്‍ വാഹനം ഇടിപ്പിച്ച് അപകട മരണമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
Post Your Comments