അട്ടപ്പാടിയിൽ നടക്കുന്നത് ഭീകരമായ കൊള്ള: സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി കേന്ദ്രത്തെ സമീപിക്കും: കെ സുരേന്ദ്രൻ

പാലക്കാട് : അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ബിജെപി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ പട്ടികവർഗ വകുപ്പിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ നിരന്തരമായ സഹായം എത്തുന്ന സ്ഥലമാണ് അട്ടപ്പാടി. കേരളത്തിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചത് അട്ടപ്പാടിക്കാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഇവിടുത്തേക്കായി കേന്ദ്രം മാറ്റിവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് തുടർച്ചയായി അട്ടപ്പാടിയിൽ കാണുന്നത്. ആദിവാസി കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട പോഷകാഹരങ്ങളിലടക്കം ഭീകരമായ കൊള്ളയാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read Also  :  പന്ത്രണ്ട് വിളക്കായ ശനിയാഴ്ച ശബരിമലയിൽ അനുഭവപ്പെട്ടത് ഭക്തരുടെ വൻ തിരക്ക്

സർക്കാരിന്റെ കരുതികൂട്ടിയുള്ള കൊള്ളയാണിത്. സമഗ്രമായ അന്വേഷണം നടക്കണം. ഒരു അന്വേഷണവും ഇവിടെ നടക്കാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിംഗ് അടിയന്തിരമായി വേണം. അട്ടപ്പാടിയുടെ വികസനത്തിന് എത്ര കോടി രൂപ വകയിരുത്തി? എത്ര രൂപ ചിലവഴിച്ചു? എങ്ങനെയാണ് ചിലവഴിച്ചത്? യഥാർത്ഥ ഗുണഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടോ? ഇതെല്ലാം വ്യക്തമാവണം. നേരത്തെ നടന്ന അന്വേഷണങ്ങൾ മന്ത്രിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കുമാണ് എത്തിയത്. അതോടെ എല്ലാം നിലച്ചു. അട്ടപ്പാടി വികസനത്തിന് വന്ന പണം വകമാറ്റി ചിലവഴിക്കാനുള്ള അധികാരം സർക്കാരിനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Share
Leave a Comment