ബംഗളൂരു: റിസോർട്ടിൽ മാസങ്ങളോളം താമസിച്ച് ബില്‍ അടയ്ക്കാതെ ഒരു വ്യവസായി മുങ്ങിയതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള വ്യവസായി 3.2 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്ന് റിസോര്‍ട്ട് ഉടമ. ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെ കെ. രാജേഷ് എന്ന വ്യവസായിക്കെതിരെ ബംഗളൂരു റൂറല്‍ ജില്ലയിലെ ദേവനഹള്ളിയിലുള്ള ഹൈ എന്‍ഡ് റിസോര്‍ട്ട് ഉടമയാണ് പരാതി (complaint) നല്‍കിയിരിക്കുന്നത്. ബില്ല് അടയ്ക്കാത്തതിനെതിരെയും ജീവനക്കാരെ അറിയിക്കാതെ പോയതിനെതിരെയുമാണ് പരാതി.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ 23 ന് രാജേഷ് റിസോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുകയും സെപ്റ്റംബര്‍ അവസാനം വരെ ബില്ലുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് ഏകദേശം 8 ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ താമസം നീട്ടുകയും, ബാക്കിയുള്ള 41 ദിവസത്തെ ബില്ലടയ്ക്കാതെ നവംബര്‍ രണ്ടാം വാരത്തില്‍ അദ്ദേഹം മുങ്ങുകയുമായിരുന്നു.
2020 പകുതി മുതല്‍ രാജേഷ് ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നുവെന്നും പലപ്പോഴും 3-4 ദിവസം സിംഗിള്‍ മുറിയില്‍ താമസിച്ചിരുന്നുവെന്നും റിസോര്‍ട്ടിന്റെ മാനേജര്‍ യശ്വന്ത് പറയുന്നു. ഒന്നുരണ്ടു തവണ ഒന്നോ രണ്ടോ മാസം പോലും താമസിച്ചിട്ടുണ്ട്. മുറിയ്ക്കും ഭക്ഷണത്തിനുമുള്ള ബില്ലുകള്‍ അദ്ദേഹം പെട്ടെന്ന് തന്നെ അടയ്ക്കാറുണ്ടായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.
‘പ്രതിദിന വാടക 7,850 രൂപയായി ഉയര്‍ന്നു. സെപ്തംബര്‍ 30 വരെയുള്ള ബില്‍ അദ്ദേഹം ക്ലിയര്‍ ചെയ്യുകയും ബിസിനസ് ആവശ്യങ്ങള്‍ക്കായി തന്റെ താമസം നീട്ടുകയാണെന്ന് പറയുകയും ചെയ്തു. ഒരു പഴയ കസ്റ്റമറായതിനാലും പെട്ടെന്ന് ബില്ലുകള്‍ അടയ്ക്കുന്നതിനാലും മുന്‍കൂര്‍ പണം വാങ്ങാതെ തന്നെ തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചു. പലപ്പോഴും ദീര്‍ഘദൂര യാത്രകള്‍ പോകുന്നതിനാല്‍ നവംബര്‍ 11 ന് പുലര്‍ച്ചെ പോകുമ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ തടഞ്ഞില്ല’- യശ്വന്ത് പറഞ്ഞു.
രാജേഷ് പലതരം ബിസിനസുകള്‍ നടത്തുകയും ആന്ധ്രാപ്രദേശിലും ബംഗളൂരുവിലും ഭൂമിയുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 406 (ക്രിമിനല്‍ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments