കഴിഞ്ഞ ദിവസമാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ കൊടുത്ത് കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായ സംഭവം ഉത്തരാഖണ്ഡിൽ നിന്നും പുറത്ത് വന്നത്. യുവതിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. യുവതി കൊലപാതകം നടത്തിയത് ‘ക്രൈം പട്രോൾ’ എന്ന കുറ്റകൃത്യ പരമ്പര കണ്ടാണെന്ന് പൊലീസ് പറയുന്നത്. കേസിലെ പ്രതിയായ മഹി ആര്യ രണ്ടുമാസം എടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് യുവതി ക്വട്ടേഷൻ നൽകിയ പാമ്പാട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. പാമ്പുകടിയേറ്റു മരിച്ച നിലയിൽ കാറിനുള്ളിൽ നിന്നാണ് അങ്കിത് ചൗഹാൻ എന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പാമ്പാട്ടിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിസിനസുകാരനായ അങ്കിത് ചൗഹാനെ പങ്കാളിയായ ആര്യ സുഹൃത്തുക്കളുടെ സഹായത്തോടെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നു.
ചൗഹാനെ കൊല്ലുന്നതിനായി ആര്യ തന്നെയാണ് പാമ്പാട്ടിയെ വിളിച്ചു വരുത്തിയത്. കേസിൽ കുറ്റാരോപിതരായ ആര്യയുടെ ഒരു സുഹൃത്തിനെയും രണ്ടു സഹായികളെയും പൊലീസ് തിരയുകയാണ്. മുപ്പതുകാരനായ അങ്കിത് ചൗഹാനെ, റോഡിനരികിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൗഹാന്റെ ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് ആര്യയിലേക്ക് അന്വേഷണം എത്തിയത്.
മദ്യപിച്ചെത്തുന്ന അങ്കിൽ ചൗഹാൻ കേസിലെ പ്രതിയായ യുവതിയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായും ഇതേത്തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പാമ്പാട്ടി പൊലീസിൽ മൊഴി നൽകി. മഹിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകൾ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.
ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിൻറെ കാലിൽ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാർക്ക് തോന്നിയ സംശയത്തിൽ നടന്ന അന്വേഷണത്തിൽ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.
ഹൽദ്വാനിയിലെ റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു അങ്കിതിൻ്റെ കാർ. അമിതമായ അളവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്നാകാം മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമായി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം പാമ്പിൻ വിഷമാണ് എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്കിതിൻ്റെ കാമുകി മാഹിയിലേക്കെത്തിയത്.
മാഹിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ച പൊലീസ് പാമ്പ് പിടിത്തക്കാരൻ രമേശ് നാഥുമായി യുവതി നിരന്തരം ഫോൺ സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ പൊലീസ് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ക്രൂരകൃത്യം ചുരുളഴിഞ്ഞു. ജൂലൈ 14നായിരുന്നു കൊലപാതകം. സംഭവ ദിവസം അങ്കിത് മാഹിയുടെ വീട്ടിൽ പോയിരുന്നു. ഈസമയത്ത് പ്രതികളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ലഹരി നൽകി അങ്കിതിനെ ബോധം കെടുത്തിയ ശേഷമാകാം കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ ഐപിസി 302 പ്രകാരം കൊലപാതകത്തിനു കേസെടുത്തു.
Post Your Comments