കാക്കനാട്: ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വീഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്.
കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാർ യാത്രക്കാരൻ പാഞ്ഞത്. ആംബുലൻസ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടർന്നു. ഇതിന്റെ വീഡിയോ എടുക്കുകയും വണ്ടി നമ്പർ കുറിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇത് ആർ.ടി.ഒ പി.എം. ഷബീറിന് അയച്ച് കൊടുക്കുകയായിരുന്നു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുക്കാട്ടുപടി സ്വദേശി അൻസാറാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി 2,000 രൂപ പിഴ ചുമത്തി.
Read Also : തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആദ്യം വാഹനത്തിന്റെ ആർ.സി. ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അൻസാർ, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഓൺലൈനിലൂടെ സൈറൻ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Post Your Comments