Latest NewsKeralaNewsIndia

ശബരിമലയിലെ ഹലാൽ ശർക്കര: എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി

കൊച്ചി: എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെട്ട് ഹൈക്കോടതി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹലാൽ എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.

കോടതിയുടെ ചോദ്യത്തിന് വിഷയം ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരെൻറ മറുപടി. ഒരു സമുദായത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്. വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങൾ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രനും ജസ്റ്റിസ് പി. ജി അജിത്കുമാറും പറഞ്ഞു. എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാൻ ഹരജിക്കാരനോടും സർക്കാറിനോടും ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു.

Also Read:പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ..!!

ഹര്‍ജി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്നു കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. പ്രസാദം നിര്‍മ്മാണത്തിനു പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹര്‍ജി തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ ജി ബിജു അറിയിച്ചു. മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഹര്‍ജിയെന്നും വ്യക്തമാക്കി.

അപ്പം, അരവണ നിര്‍മാണത്തിന് ഏറ്റവും പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. നൂറ് ശതമാനം ശുദ്ധിയുള്ളതാണ് ശര്‍ക്കര. കര്‍ശന നിലവാര പരിശോധനയ്ക്കു ശേഷമാണ് ശര്‍ക്കര സന്നിധാനത്തേക്ക് അയയ്ക്കുന്നത്. നിര്‍മാണത്തിനു ശേഷം ഗുണനിലവാരം ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വിശദീകരിച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button