കൊച്ചി: നിയമ വിദ്യാർത്ഥിയായിരുന്ന മോഫിയ പർവീൻ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
അതേസമയം കേസിൽ ആരോപണ വിധേയനായ സിഐ സിഎൽ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം ഇപ്പോഴും തുടരുകയാണ്. സിഐയെ സസ്പെൻഡ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസ് ഉപരോധിക്കും. അതേസമയം സിഐയോട് ഇന്ന് ഡിജിപിക്ക് മുന്നിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
ആരോപണ വിധേയനായ ആലുവ സിഐ സിഎൽ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതർ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ. മോഫിയയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.
Post Your Comments