![](/wp-content/uploads/2021/11/dd-219.jpg)
തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയില്‍ ജീവന് വെടിഞ്ഞ അനശ്വര രക്തസാക്ഷികളാണെന്നും സഖാവ് പുഷ്പന് ജീവിക്കുന്ന രക്തസാക്ഷിയാണെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വിദ്യാഭ്യാസത്തിന്റെ കമ്പോളവല്‍ക്കരണത്തിനെതിരായുള്ള പോരാട്ടത്തില്‍ കൂത്തുപറമ്പിന്റെ വിരിമാറില്‍ പിടഞ്ഞുവീണ ധീര രക്തസാക്ഷികളായ സഖാക്കളുടെ ഓര്‍മ്മകള്‍ക്ക് 27 വര്‍ഷം.സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയില്‍ ജീവന് വെടിഞ്ഞ അനശ്വര രക്തസാക്ഷികള്‍.ജീവിക്കുന്ന രക്തസാക്ഷിയായി സഖാവ് പുഷ്പനും.ആ രണധീരരുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ അഭിവാദ്യങ്ങളുടെ ചുവന്നപൂക്കള്‍.
യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബര്‍ 25. നിരായുധരായ സമരക്കാര്‍ക്ക് നേരെ നേര്‍ക്കുനേര്‍ പൊലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേ തിഹാസം രചിച്ചവരെ ഓര്‍മ്മിപ്പിച്ചാണ് ഓരോ നവംബര്‍ 25 ഉം കടന്ന് പോകുന്നത്. ഇന്ത്യന്‍ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ് കൂത്തുപറമ്പ്.
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്, ഷിബുലാല്‍, റോഷന്, മധു, ബാബു എന്നിവര്‍ ജീവന് നല്‍കിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബര്‍ 25ന് വെടിയേറ്റ് വീണവരില്‍ സഖാവ് പുഷ്പന് ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു.രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളില്‍ ഇന്നും ഊര്‍ജ്ജമാണ് കൂത്തുപറമ്പ്.അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍.
Post Your Comments