മുംബയ്: ഖലിസ്ഥാനി പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന് ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയുടെ സമൻസ്. ഡിസംബർ ആറിനുമുൻപായി ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കുറിപ്പിൽ സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്നും ഇത് രാജ്യത്തെ സൗഹാർദം തകർക്കുന്നതാണെന്നതിനു പുറമെ സിഖ് സമൂഹത്തിനു മുറിവേൽപ്പിക്കുന്ന നടപടിയാണെന്നും സമൻസിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇതേ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 295 എ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
Post Your Comments