കൊല്‍ക്കത്ത : ബംഗാള്‍ തിരിച്ച് പിടിക്കാൻ പുതിയ പദ്ധതികളുമായി സിപിഎം. ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് വലിയ വിജയം നേടിയത് സ്ത്രീകളെ കൂടുതലായി രംഗത്തിറക്കിയത് കൊണ്ടാണെന്നാണ് സിപിഎം വാദം. അതുകൊണ്ട് തന്നെ ഈ തന്ത്രം പാര്‍ട്ടിക്കുള്ളിലും നടപ്പാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമായ പാര്‍ട്ടിയെ ഏതുവിധേനയും രക്ഷപെടുത്തണമെന്ന, ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
സിപിഎം കേഡറുകളില്‍ വനിത പ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലാ, ഏരിയ കമ്മിറ്റികളില്‍ 31 വയസ്സില്‍ താഴെയുള്ള വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു. ഇതിനായി നിശ്ചിത ഒഴിവുകളും നിര്‍ദ്ദേശിച്ച് നല്‍കിയിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് വനിതാ പ്രവര്‍ത്തകരെ കണ്ടെത്താനായില്ലെങ്കില്‍ പകരം ആണുങ്ങളെ നിയമിക്കരുതെന്നും, സ്ത്രീകളെ കണ്ടെത്തുന്നത് വരെ ആ ഒഴിവുകള്‍ അങ്ങനെ തന്നെ വിടണമെന്നുമാണ് നിര്‍ദ്ദേശം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധമായ നയങ്ങളെ കുറിച്ച് വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്താന്‍ ഈ വനിത പ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും സിപിഎം നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ അഴിച്ചുപണികളാണ് നടത്തിയത്. സ്ത്രീകള്‍ വളരെ ശക്തരാണെന്നാണ് ഇത് തെളിയിച്ചത്. അതേ മാര്‍ഗ്ഗമാണ് ഇനി സിപിഎമ്മും പിന്തുടരാന്‍ പോകുന്നതെന്നും സിപിഎം പ്രതിനിധി പറഞ്ഞു.
Post Your Comments