അൻകാറ: സമീപകാലത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് തുർക്കിയുടെ കറൻസിയായ ലിറ. കറൻസി മൂല്യത്തിൽ സംഭവിച്ച ഇടിവിനെ ന്യായീകരിച്ച് പ്രസിഡന്റ് തയ്യിപ് എർദോഗാൻ രംഗത്തെത്തിയിരുന്നു. തുടർന്ന് 24 മണിക്കൂർ പിന്നിടുമ്പോഴേക്കും ലിറ13.45 വരെ വീണ്ടും ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ പുതിയ സാമ്പത്തിക പരിഷ്കരമാണ് ഇതിന്റെ കാരണമെന്നാണ് ആരോപണം.
രാജ്യത്ത് വ്യാപകമായ രീതിയിലാണ് കറൻസി മൂല്യത്തിൽ സംഭവിക്കുന്ന ഇടിവിനെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നത്. പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇതൊരു സാമ്പത്തിക യുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തി. എന്നാൽ പിറ്റേദിവസം വീണ്ടും ലിറയിൽ 15 ശതമാനത്തോളം ഇടിവാണ് സംഭവിച്ചത്.യുഎസ് ഡോളറിനോട് 12.49 എന്ന മൂല്യത്തിലാണ് ഇപ്പോൾ ലിറ നിൽക്കുന്നത്. ഈ വർഷം മാത്രം 40 ശതമാനത്തോളമാണ് കറൻസിയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച മാത്രം 20 ശതമാനം ഇടിവ് സംഭവിച്ചിരുന്നു.
കഴിഞ്ഞ 2 വർഷത്തിനിടെ നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തുകൊണ്ട് മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരെയാണ് എർദോഗാൻ മാറ്റിയിരുന്നത്. എർദോഗാൻ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്ന് സെൻട്രൽ ബാങ്ക് 15-19 ശതമാനത്തോളം പ്രധാന പലിശനിരക്കുകൾ കുറച്ചിരുന്നു. ഇത് ലിറയിൽ കാര്യമായ ഇടിവ് സംഭവിക്കാൻ കാരണമായെന്നാണ് വിവരം. പലരുടെയും മുന്നറിയിപ്പ് വകവെക്കാതെയായിരുന്നു എർദോഗന്റെ തീരുമാനം.
പല സാമ്പത്തിക വിദഗ്ധരും നിരക്ക് വെട്ടിക്കുറവിനെ അശ്രദ്ധമെന്ന് വിളിച്ചു, അതേസമയം പ്രതിപക്ഷ രാഷ്ട്രീയക്കാർ ഉടനടി രാജ്യത്തു പുതിയ തിരഞ്ഞെടുപ്പിന് അഭ്യർത്ഥിച്ചു. തലകറങ്ങുന്ന കറൻസി തകർച്ച തങ്ങളുടെ കുടുംബ ബജറ്റുകളും ഭാവിയിലേക്കുള്ള പദ്ധതികളും ഉയർത്തുന്നതായി തുർക്കികൾ മാധ്യമങ്ങളോട് വിലപിക്കുകയാണ്.
Post Your Comments