Latest NewsNewsIndia

വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതിന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വിവാദ നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ തീരുമാനം.

Read Also : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്: ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍,കേസ് ഇന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

അതേസമയം നവംബര്‍ 29ന് 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. സര്‍ക്കാര്‍ തുറന്നു കൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. താങ്ങുവില സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായി വിഷയത്തില്‍ പരിഹാരം കാണാന്‍ കൃഷി മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. താങ്ങുവിലയ്ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരുമെന്നാണ് സൂചന.

എന്നാല്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാവില്ലെന്നാണ് സൂചന. വിഷയത്തില്‍ പരിഹാരം കാണണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button