Latest NewsKeralaIndia

സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ഇനി ‘ബാങ്ക്’ ചേർക്കാൻ പാടില്ല: നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം- ആര്‍.ബി.ഐ

സംസ്ഥാനത്ത് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നീക്കം.

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ത്ത് ഇടപാടുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്തംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതി അനുസരിച്ചാണ് റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തുന്നതാണ് 2020ലെ നിയമം. ഇത് പ്രകാരം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് തുടങ്ങിയ വാക്കുകള്‍ ഒന്നും ഉപയോഗിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് കേരളത്തില്‍ നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും, 15000ത്തോളം വരുന്ന സഹകരണ സംഘങ്ങള്‍ക്കും ഇത് ബാധകമാണ്. സംസ്ഥാനത്ത് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയിലും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു.

അതേപോലെ സഹകരണ സംഘങ്ങള്‍ അവിടെ അംഗങ്ങളല്ലാത്തവരില്‍ നിന്നും നിയമങ്ങള്‍ ലംഘിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബാങ്കിങ് ബിസിനസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സഹകരണ സംഘങ്ങളിലെ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും, വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകു എന്നും ആര്‍.ബി.ഐ പറയുന്നു.

കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് പരിഗണിക്കുന്നത്. മാത്രമല്ല ഇത്തരം സൊസൈറ്റികളില്‍ നിക്ഷേപിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.1949ലെ ബിആര്‍ ആക്ട് പ്രകാരം ഇത്തരം സഹകരണ സൊസൈറ്റികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും, ഇവര്‍ക്ക് ബാങ്കിങ് ബിസിനസ് നടത്താന്‍ ആര്‍ബിഐ അംഗീകാരമില്ലെന്നും, ആര്‍ബിഐ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button