കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം. കൊവിഡ് ഗുരുതരമാകാൻ സാദ്ധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഇരുപത്തിമൂവായിരം പേരിൽ ചികിത്സ ഫലപ്രദമായിരുന്നു എന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അബുദാബി ആരോഗ്യ വകുപ്പും മരുന്ന് നിർമാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈനും കൂടുതൽ പേരിൽ ചികിത്സ നടത്താൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സോട്രോവിമാബ് ചികിത്സയുടെ ഫലപ്രാപ്തി ആധികാരികമായി പുറത്തു വിടുന്ന ആദ്യ രാജ്യമാണ് യുഎഇ. കഴിഞ്ഞ ജൂണിലായിരുന്നു യുഎഇയിൽ സോട്രോവിമാബ് പരീക്ഷണം ആരംഭിച്ചത്. മികച്ച ഫലപ്രാപ്തി നൽകുന്ന ചികിത്സ അഞ്ച് മുതൽ ഏഴ് വരെ ദിവസങ്ങൾക്കുള്ളിൽ രോഗമുക്തി നൽകുന്നതായും കണ്ടെത്തി.
ചികിത്സ ഫലപ്രമായത് യുഎഇ ആരോഗ്യ രംഗത്തിന് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് കൂടുതൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യ പരിപാലന രംഗത്തും ഫാർമസ്യൂട്ടിക്കൽ രംഗത്തും യുഎഇ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഗ്ലാക്സോ അഭിപ്രായപ്പെടുന്നു.
Post Your Comments