വെഞ്ഞാറമൂട്: താലികെട്ടിന് മിനിട്ടുകള്‍ക്ക് മുമ്പ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ഓഡിറ്റോറിയത്തില്‍ വൻ സംഘർഷം. രണ്ടുകൂട്ടരുടേയും ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
വെഞ്ഞാറമൂട്ടിലെ ഒരു ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ യുവതിയും നിലമേല്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്നത്.
ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന് ശേഷം യാതൊരു പ്രശ്നങ്ങളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം മൂലം നീട്ടി വെച്ചിരുന്നതാണ് വിവാഹം. തുടർന്ന് കൊവിഡ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവാഹത്തിന് ദിവസം കുറിച്ചത്.
Read Also :തയ്യാറാക്കാം നാടൻ കളളുപയോഗിച്ച് കളളപ്പം
കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ വരന്റെ അടുത്ത ബന്ധുക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. രാവിലെ ഓഡിറ്റോറിയത്തില്‍ എത്തിയ വരനേയും കൂട്ടരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വീകരിച്ച് ആനയിച്ചപ്പോഴും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ സ്വീകരണ സമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരന്‍ ഈ വിവാഹം വേണ്ടെന്നും താന്‍ പിന്മാറുകയാണെന്നും ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു. വരന്റെ ബന്ധുക്കളില്‍ ചിലരും ഈ തീരുമാനത്തിന് ഒപ്പം നിന്നതോടെ ആകെ പ്രശ്നമാവുകയായിരുന്നു.
ഒരു യുവാവ് ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്ന് തന്റെയും സഹോദരിയുടെയും ഫോണില്‍ വിളിച്ചെന്നും, കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെന്നുമാണ് വരന്‍ പറഞ്ഞത്. ഇതോടെ സംഭവം കൈയാങ്കളിയിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
പൊലീസ് ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയാണെന്നും ഉണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്നും പറഞ്ഞതോടെ എല്ലാവരും പിരിഞ്ഞു പോകുകയായിരുന്നു.
Post Your Comments