അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ എന്ന തീരുമാനം പിന്‍വലിച്ചു. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്ഥാനമെന്നും, മൂന്ന് തലസ്ഥാനം എന്ന ബില്‍ പിന്‍വലിച്ചതായുള്ള തീരുമാനവും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് ആയിരുന്നു ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിച്ചത്.
ലെജിസ്ലേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചപ്പോള്‍ വിശാഖ പട്ടണത്തെ എക്‌സിക്യീട്ടിവ് (ഭരണനിര്‍വഹണം) തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായിട്ടുമായിരുന്നു നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയില്‍ മന്ത്രി സഭ അംഗീകാരം നല്‍കുകയും ചെയ്തു. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചിരുന്നു.
എന്നാല്‍ അമരാവതിയില്‍ നിന്ന് തലസ്ഥാനം മൂന്നിടങ്ങളിലേക്ക് മാറ്റി സ്ഥാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തായിരുന്നു മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ തലസ്ഥാനനഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു. വിഭജനം പ്രഖ്യാപിച്ചതോടെ മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുന്ന നിലയും ഉണ്ടായി. ഇതോടെ പ്രതിപക്ഷകക്ഷികളും തലസ്ഥാന വിഭജനത്തിനെതിരെ രംഗത്ത് എത്തി. ഇതിനിടെ വിഷയം കോടതിയിലുമെത്തി. വിഷയം സംസ്ഥാനത്തിന്റെ വിഷയം ആണെന്നായിരുന്നു ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
Post Your Comments