ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ത്വരിതഗതിയിലാക്കി കേന്ദ്രം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്ലുകള്‍ക്ക് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകള്‍ തയ്യാറാക്കുന്ന നടപടികളുടെ അന്തിമഘട്ടത്തിലാണ് കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും. ബില്ലുകള്‍ക്ക് മന്ത്രിസഭ അംഗീകാരം ലഭിച്ചശേഷം ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കി വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനാണ് കേന്ദ്ര നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
Post Your Comments