
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ദേവിനെയാണ് (28) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍
സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശന്‍ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 17ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മ ജനമ്മാളിന് രണ്ടു ദിവസമായി അരുണ്‍ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.
യുവാവിനെ അകത്ത് കയറ്റി ഗേറ്റ് അടച്ച് മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. അരുണ്‍ദേവിന്റെ അമ്മൂമ്മ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്.
Post Your Comments