ന്യൂഡൽഹി : കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രിയങ്ക കത്ത് അയച്ചു. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗുഢാലോചന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിന്റെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിനെയാണ് അന്വേഷണ മേൽനോട്ടത്തിന് സുപ്രീംകോടതി നിയമിച്ചത്.
Read Also : പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments