Latest NewsKeralaIndia

സഞ്ജിത് വധം: കെ സുരേന്ദ്രന്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് കാണും, കേസ് എൻഐഎ അന്വേഷിക്കണമെന്നാവശ്യം

സിപിഎം- പോപ്പുലര്‍ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

പാലക്കാട്: സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 22ന് കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം- പോപ്പുലര്‍ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് ഈ വര്‍ഗീയ സംഘം കൊലപ്പെടുത്തിയത്. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല. പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്.

എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കുകയാണ്. പൊപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച്‌ അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ അനാസ്ഥയാണ് ഇതിന് കാരണം. സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.

പ്രതികളെ പിടികൂടുന്നതില്‍ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കില്‍ അമ്മമാരെ ഉള്‍പ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ.ഇകൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷന്‍ കെ.എം.ഹരിദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.ഷണ്മുഖന്‍, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എം.സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button