ട്രെൻടൺ : കോവിഡ് എന്ന് അവസാനിക്കും എന്ന ചിന്തയിലാണ് ലോകം മുഴുവനുമുള്ള മനുഷ്യർ. എന്നാൽ, ആശങ്കപ്പെടുത്തുന്ന മറ്റൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കൊറോണ വൈറസ് ഉൽഭവിക്കുമെന്നാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. സസ്തനി വർഗത്തിൽപ്പെട്ട മൃഗങ്ങളുടെ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്.
സാർസ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കോവിഡ് മഹാമാരിയ്‌ക്ക് കാരണമായത്. ഈ വൈറസിന് സമാനമായ വൈറസുകളുമായി എലികൾ സമ്പർക്കം പുലർത്തുന്നുവെന്നാണ് പഠനം പറയുന്നത്.മോളിക്യൂലാർ ബയോളജിസ്റ്റ് സീൻ കിംഗും കംപ്യൂട്ടർ ശാസ്ത്രജ്ഞൻ മോണോ സിംഗുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്ലോസ് കംപ്യൂട്ടേഷണൽ ബയോളജി എന്ന ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എലികളിൽ കൊറോണ വൈറസ് പിടിപെടുമ്പോഴുള്ള സാധ്യതകളും ആശങ്കകളും പങ്കുവെയ്‌ക്കുകയാണ് ശാസ്ത്രലോകം.
അതേസമയം, കൊറോണ വൈറസ് വവ്വാലിൽ പിടിപെടുമ്പോൾ മനുഷ്യന് സമാനമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കുന്നില്ല. മികച്ച പ്രതിരോധ ശേഷി ഉള്ളതിനാലാണിത്. ഇത്തരത്തിൽ ലക്ഷണങ്ങൾ കാണിക്കാൻ ഇടയില്ലാത്ത മറ്റ് ജീവികളെ കണ്ടെത്താനുള്ള ഗവേഷണമാണ് എലികളിലെത്തിച്ചത്.
Post Your Comments