Latest NewsKeralaNews

വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, അടുത്ത കിറ്റിൽ സർക്കാർ ഓരോ കോലുമിഠായി കൂടി നൽകിയാൽ സന്തോഷം: അബ്ദുറബ്ബ്

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ വിലയാണ് ദിനംപ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിക്കുന്നുണ്ട്. കോവിഡ് മൂലം ജനങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന സർക്കാർ നിലപാടിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ലെന്നും കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർ കിറ്റിലൂടെ നൽകുന്നുണ്ടല്ലോയെന്നും അബ്‌ദുറബ്ബ്‌ പരിഹസിച്ചു.

‘സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റിൽ ഓരോ കോലുമിഠായി കൂടി നൽകുന്നതോടെ ജനത്തിന് സന്തോഷം. അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ’, അബ്‌ദുറബ്ബ്‌ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

അതേസമയം, കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി ഉയർന്നിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതിയാണ് ഇപ്പോൾ പച്ചക്കറികളുടെയും വില വർധിക്കുന്നത്. വില കൂടിയതോടെ സാധനങ്ങൾ വാങ്ങാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു. ഇറക്കുമതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തൽ.

അബ്‌ദുറബ്ബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോൾ പച്ചക്കറിയും മോശമാക്കിയില്ല. മുരിങ്ങയും, വെണ്ടക്കയും, ബീൻസും വരെയിപ്പോൾ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്. ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് LDF ജനങ്ങൾക്ക് തന്ന ഉറപ്പാണ്.. അതാണ് യാഥാർത്ഥ്യമാകുന്നത്. വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും, വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല.

വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർ കിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റിൽ ഓരോ കോലുമിഠായി കൂടി നൽകുന്നതോടെ ജനത്തിന് സന്തോഷം…! അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button