തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വിൽക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ്‌ഷോപ്പുകൾ) പ്രവർത്തനത്തിനു ലൈസൻസ് നിർബന്ധമാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ‘ഇതു സംബന്ധിച്ച കേന്ദ്ര നിയമം കർശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥർക്ക് ഇക്കാര്യത്തിൽ ജില്ലാതലത്തിൽ ബോധവത്കരണം നൽകുമെന്നും’ മന്ത്രി പറഞ്ഞു. പുനഃസംഘടിപ്പിച്ച സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: മോഡലുകളുടെ മരണം : സംശയങ്ങൾ ഇപ്പോൾ തുറന്നു പറയാനാകില്ലെന്ന് ആൻസിയുടെ അച്ഛൻ
‘മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിന്റെ (എസ്.പി.സി.എ.) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാതല എസ്.പി.സി.എ. മാനേജ്‌മെന്റ് കമ്മിറ്റിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി ജില്ലാ കളക്ടറേയും ഉൾപ്പെടുത്തും. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും അനുമതിയും ലഭിച്ച സ്ഥാപനങ്ങളിൽനിന്നു താത്പര്യപത്രം ക്ഷണിച്ച് തെരുവു നായ്ക്കളിൽ വന്ധീകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകും. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമൽ ഷെൽട്ടർ, അനിമൽ അഡോപ്ഷൻ, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശുപാർശ ചെയ്യുമെന്ന്’ മന്ത്രി അറിയിച്ചു
‘മൃഗസംരക്ഷണ വകുപ്പിന്റെ അതിർത്തി ചെക്‌പോസ്റ്റുകളിൽ വെറ്ററിനറി സർജൻമാർ ഇല്ലാത്ത സ്ഥലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സർജൻമാരെ നിയമിക്കും. എലിഫെന്റ് സ്‌ക്വാഡിലേക്ക് ഡോക്ടർമാരെ കണ്ടെത്തി വെറ്ററിനറി കോളജുകളിൽ പരിശീലനം നൽകി ജില്ലാതല സ്‌ക്വാഡുകൾ ശക്തിപ്പെടുത്തും. അനധികൃത അറവു തടയുന്നതിനും ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിനു നിർദേശം നൽകും. മൃഗ സംരക്ഷണ വകുപ്പ് ജില്ലകളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തും. ഇവർക്ക് ജില്ലതിരിച്ചു ചുമതല നൽകുമെന്നും’ മന്ത്രി വ്യക്തമാക്കി.
‘ഫ്‌ളാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും ഓമന മൃഗങ്ങളെ വളർത്തുന്നതിനു കോടതി അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾ സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് പരിശോധിക്കും. പൊതുജനങ്ങൾക്ക് ബോർഡിന്റെ sawbkerala@gmail.com എന്ന ഇ-മെയിലിൽ പരാതികൾ അറിയിക്കാം. കോൾ സെന്ററും തുറക്കുമെന്നും സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡിന്റെ ഓഫിസ് സംവിധാനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകമായി സെക്ഷൻ തുടങ്ങുമെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.
പെറ്റ് ഷോപ്പ് നിയമങ്ങൾ സംബന്ധിച്ച കൈപ്പുസ്തകം വാർത്താ സമ്മേളനത്തിൽ മന്ത്രി പ്രകാശനം ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Read Also: നേഴ്‌സിങ് ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി യുവതി: കാരണം അമ്പരപ്പിക്കുന്നത്
Post Your Comments