ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളിലൂടെ തൊട്ടുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി അസംബന്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി ഇത്തരം വ്യാഖ്യാനങ്ങള്‍ സ്വീകരിച്ചാല്‍ കയ്യുറകള്‍ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രതി കുറ്റത്തില്‍ നിന്ന് രക്ഷപ്പെടില്ലേയെന്ന് ചോദിച്ചു.
നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. മുപ്പത്തൊന്ന് വയസുകാരന്‍ പന്ത്രണ്ടുകാരിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബഞ്ച് വിവാദ പരാമര്‍ശം നടത്തിയത്. പോക്‌സോ കേസ് ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നുവെന്നും പ്രതി മാറിടത്തില്‍ പിടിച്ചത് വസ്ത്രത്തിന് പുറത്ത് കൂടിയാതിനാല്‍ ലൈംഗിക പീഡനമല്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വസ്ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവങ്ങള്‍ കൊണ്ട് തൊടുകയോ ചെയ്താല്‍ മാത്രമേ പോക്‌സോ ചുമത്താനാകൂ എന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാല വിധിച്ചത്. യൂത്ത് ബാര്‍ അസോസിയേഷനിലെ വനിതാ അഭിഭാഷകര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ സമര്‍പ്പിച്ചതിലൂടെയാണ് സുപ്രീംകോടതി വിവാദ ഉത്തരവ് റദ്ദാക്കിയത്.
Post Your Comments