KeralaLatest NewsIndia

കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്: ലക്‌ഷ്യം കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പ് 25 കോടി സാമ്പത്തികസഹായം നൽകുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ, ധനമന്ത്രി നിർമ്മല സീതാരാമൻ, വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാർ പരസ് തുടങ്ങിയവരെയാണ് പി.രാജീവ് സന്ദർശിച്ചത്. പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തിന് സഹായകരമായി പ്രത്യേക പാക്കേജ് നൽകണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനോട് മന്ത്രി ആവശ്യപ്പെട്ടു.

ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിൽ കേരളത്തിലെ എംഎസ്എംഇകൾക്ക് കൂടി ഉപയോഗപ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു, 2018 ലെ പ്രളയം കൂടി കണക്കിലെടുത്ത് ഒരു വർഷത്തെ ഇളവ് കേരളത്തിലെ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കിയതായി പി. രാജീവ് ഫേസ്ബുക്കിൽ അറിയിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ശ്രീ പശുപതി കുമാർ പരസിനെ സന്ദർശിച്ചു. ചേർത്തലയിലെ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചു. ജനുവരിയിൽ വരാമെന്ന് സമ്മതിച്ചു. ഇപ്പോൾ കേരളത്തിൽ രണ്ടു മെഗാ ഫുഡ് പ്രോസസ്സിംഗ് പാർക്കുകളാണ് ഉള്ളത്. മൂന്നു മിനി ഫുഡ് പ്രോസസ്സിംഗ് പാർക്കുകൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞു. കേരളത്തിന് പുതിയ കോൾഡ് ചെയിൻ പദ്ധതി വേണമെന്നും ഒരു ജില്ല, ഒരു ഉൽപ്പന്നം പദ്ധതിയിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് പി. രാജീവ് ഡൽഹിയിലെത്തിയത്. വ്യവസായ, കയർ, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം തോന്നയ്‌ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ കേന്ദ്ര സഹായം ഉറപ്പുനൽകിയതായി പി. രാജീവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പ് 25 കോടി സാമ്പത്തികസഹായം നൽകുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന മുൻഗണന, സംസ്ഥാന സർക്കാരിന്റെ മരുന്നു നിർമ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി.) കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളം ജില്ലയിൽ അമ്പലമുഗളിലെ പെട്രോ കെമിക്കൽ പാർക്കിനും കേന്ദ്ര സഹായം അഭ്യർത്ഥിച്ചു.ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി പി. രാജീവ് പറഞ്ഞു. ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ ഭൗമ സൂചികയുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങൾ് കോർഡിനേറ്റ് ചെയ്യാൻ ഓഫിസറെയും ചുമതലപ്പെടുത്തി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button