മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചിരട്ടപ്പുട്ടും ചെറുപയർ കറിയും. ചിരട്ടയിൽ വേവിക്കുന്ന പുട്ടിന്റെ സ്വാദും ഗന്ധവും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ചെറുപയർ കറി കൂടിയാവുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണമായി. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
പുട്ടിന് ആവശ്യമായ സാധനങ്ങൾ
പച്ചരിപ്പൊടി – 1 കിലോ
തേങ്ങ – 1
ജീരകം – അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
ചിരട്ട
തയ്യാറാക്കുന്ന വിധം
അരിപ്പൊടി നിറം മാറാതെ വറുത്തെടുക്കുക. ഇതിലേക്ക് ജീരകവും ഉപ്പും ചേർത്ത് വെളളമൊഴിച്ച് പുട്ടിനുളള പാകത്തിന് നനച്ചെടുക്കുക. ചിരട്ടയിൽ തുളയിട്ട ശേഷം തേങ്ങ ചിരകിയത് പരത്തിയിടുക. ഇതിനു മുകളിലേക്ക് പുട്ടുപൊടി നിറയ്ക്കാം. മുകളിലും തേങ്ങ വിതറിക്കൊടുക്കാം. ഇതൊരു പാത്രത്തിലോ കുക്കറിന്റെ സ്റ്റീം നോസിലിലോ വെച്ച് 10 മിനിറ്റ് വേവിക്കുക. ചൂടുളള പുട്ട് തയ്യാറായി കഴിഞ്ഞു.
Read Also : ചീരയുടെ ഗുണങ്ങൾ അറിയാം
കറിയ്ക്ക് ആവശ്യമായ സാധനങ്ങൾ
ചെറുപയർ – അരക്കിലോ
തേങ്ങ – 1
ചെറിയുളളി – 40 ഗ്രാം
ചുവന്ന മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
കടുക് – 3 ഗ്രാം
വെളിച്ചെണ്ണ – 200 മില്ലി
തയ്യാറാക്കുന്ന വിധം
ചെറുപയർ ചൂടുവെളളത്തിൽ ഒരു മണിക്കൂർ കുതിർത്തു വെച്ചത് അല്പം ഉപ്പിട്ട് വേവിച്ചെടുക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും താളിക്കുക. അരിഞ്ഞ ഉളളി ഇട്ട് ചുവന്നു വരുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിരകിയ തേങ്ങയും വേവിച്ച പയറും ആവശ്യത്തിന് വെളളവും ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീയിൽ നിന്നിറക്കി വെച്ച് അല്പം വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ഇട്ട് മൂടിവെക്കുക. ചൂടോടെ പുട്ടിനൊപ്പം വിളമ്പാം.
Post Your Comments