കാക്കനാട്: ചലച്ചിത്രമേഖലകളിൽ നോട്ടമിട്ട് മോട്ടോര്‍ വാഹന വകുപ്പ്. നികുതി അടക്കാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍തോറും കറങ്ങിനടക്കുന്ന കാരവനുകളെ പൂട്ടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി കൊച്ചിയിലെ വിവിധ ലൊക്കേഷനുകളില്‍ ഉപയോഗിക്കുന്ന കാരവനുകള്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. നികുതി അടക്കുന്നതുവരെ വാഹനം പിടിച്ചുവെക്കാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഇരുമ്പനത്തുനിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ വാഹനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് തീരുമാനം. സിനിമകളില്‍ യുവതാരങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കാരവനുകളാണ് ഇങ്ങനെ മുങ്ങിനടക്കുന്നതില്‍ അധികവും.
എന്നാൽ അന്തര്‍സംസ്ഥാന രജിസ്ട്രേഷന്‍ വാഹനങ്ങളാണ് നികുതി അടക്കാത്തവയില്‍ ഭൂരിഭാഗവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നികുതി ഇനത്തില്‍ 25,000 രൂപ അടക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എ.എം.വി.ഐമാരായ ഭാരതി ചന്ദ്രന്‍, കെ.എം. രാജേഷ് എന്നിവരടങ്ങിയ സ്ക്വാഡ് ആയിരുന്നു പരിശോധന നടത്തിയത്.
Post Your Comments