Latest NewsNewsIndia

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്:പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ചറിയാം

ന്യൂഡല്‍ഹി : 2021 സെപ്റ്റംബര്‍ 27നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതാണ് സ്‌കീം. ഈ ഹെല്‍ത്ത് കാര്‍ഡില്‍ പൗരന്മാരുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കും. സ്വതന്ത്ര ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് (2020 ഓഗസ്റ്റ് 15) പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയിലെ സമ്പൂര്‍ണമായ പൊളിച്ചെഴുത്താണ് പുതിയ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

Read Also : പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 37-കാരൻ അറസ്റ്റിൽ

രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിന് (എന്‍ഡിഎച്ച്എം) കീഴില്‍ സംയോജിപ്പിക്കും. ഈ പദ്ധതി മുന്‍നിര്‍ത്തി രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാതലായ മാറ്റം കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

റാന്‍ഡമായി ജനറേറ്റ് ചെയ്ത 14 അക്ക നമ്പറായിരിക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍. ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡില്‍, വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വന്ന രോഗങ്ങള്‍, ചികിത്സ, പരിശോധന, റിപ്പോര്‍ട്ടുകള്‍, ഡിസ്ചാര്‍ജ്, കഴിച്ച മരുന്നുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ടാവും. ഇങ്ങനെ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ സമ്പൂര്‍ണ മെഡിക്കല്‍ ഹിസ്റ്ററി മനസിലാക്കാന്‍ സാധിക്കും. രോഗികള്‍ക്ക് തങ്ങളുടെ മെഡിക്കല്‍ രേഖകള്‍ ചുമന്ന് നടക്കേണ്ടതില്ലെന്നതും പ്രത്യേകതയാണ്. മരുന്ന് വാങ്ങാനും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും എല്ലാം ഈ കാര്‍ഡ് മതിയാകും. ടെലി കണ്‍സള്‍ട്ടേഷനും ഇ ഫാര്‍മസി സേവനങ്ങളും ആരോഗ്യ ഐഡി കാര്‍ഡിലൂടെ ലഭ്യമാകും.

രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും ഡിജിറ്റല്‍ ആരോഗ്യ മിഷനും അറിയിക്കുന്നത്. രോഗിയുടെ സമ്മതത്തോടെ മാത്രമേ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രേഖകളുടെ കൈമാറ്റം നടത്താനാകൂ. എത്ര സമയത്തേക്ക് രേഖകളില്‍ ആക്‌സസ്സ് നല്‍കാം എന്നതടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണം കാര്‍ഡ് ഉടമസ്ഥനായിരിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം പിന്നീട് ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കില്‍ അതിനും പൂര്‍ണ സ്വാതന്ത്ര്യം ഉപയോക്താവിനാകും. ഉപയോക്താവിന് സര്‍ക്കാര്‍ അംഗീകൃതവും വിശ്വാസ്യതയുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം , ഗൂഗിള്‍ മാപ്‌സ് പോലെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് ഈ ആശുപത്രികള്‍ എളുപ്പത്തില്‍ കണ്ടെത്താം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും, പേപ്പര്‍ രഹിത ഡിജിറ്റല്‍ ആരോഗ്യ രേഖകളുടെ ലഭ്യത, തുടങ്ങി നിരവധിയായ ഗുണങ്ങള്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് മുന്നോട്ട് വയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button