തൃശൂര്‍: ഞാന്‍ വരന്റെ വീട്ടിലാണ് വിവാഹ റിസപ്ഷന് പോയത്, വധുവിന്റെ വീട്ടിലേയ്ക്ക് പോയിട്ടില്ലെന്ന് മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിലാണ് വിശദീകരണവുമായി മന്ത്രി ആര്.ബിന്ദു രംഗത്ത് എത്തിയത്. വരന് തന്റെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. വരന്റെ അമ്മ ദീര്‍ഘകാലമായി മഹിളാ അസോസിയേഷന് നേതാവാണെന്നും ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
Read Also : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ: സ്വന്തമാക്കിയത് 22 കോടിയിലധികം
‘ഞാന്‍ വരന്റെ വീട്ടില്‍ കല്യാണ റിസപ്ഷനാണ് പോയത്. വരന്റെ അമ്മ ലത ചന്ദ്രന് സിപിഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ ദീര്‍ഘകാലമായിട്ടുള്ള നേതാവുമാണ്. ഞങ്ങളൊരുമിച്ച് ഇരുപതുകൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്നതാണ്. അവര്‍ ഈ കേസില്‍ പ്രതിയൊന്നുമല്ല. പിന്നെ ഇത് ഒരു പ്രണയ വിവാഹം കൂടിയാണ്. ഇന്റര്‍ റിലീജിയസ് വിവാഹം കൂടിയാണ്. വരന് എന്റെ വിദ്യാര്‍ത്ഥിയാണ്. ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ്. വധുവിന്റെ വീട്ടിലല്ല ഞാന്‍ കല്യാണത്തിന് പോയത്. കുട്ടികള്‍ ഡിവൈ.എഫ്.ഐയില്‍ ഒക്കെ ഉള്ളവരാണ്,’ മന്ത്രി ആര്. ബിന്ദു പ്രതികരിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍, പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ മുന്‍ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിലാണ് കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയുമായ ഡോ. ആര്. ബിന്ദു പങ്കെടുത്തത്. വരന്റെ മുരിയാടിലെ വീട്ടിലെ സല്‍ക്കാര ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. പ്രതിയുടെ മകളോട് ചേര്‍ന്നിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.
Post Your Comments