തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണനെതിരായ പ്രതിഷേധം സൈബര്‍ ആക്രമണത്തില്‍ തീരില്ലെന്ന് ബിജെപി വക്താവ് എസ് സുരേഷ്. രാജ്യത്തെ മൊത്തം ദ്രോഹിക്കുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് കലയുടെ മറവിലൂടെ അനൂപ് രാധാകൃഷ്ണന്‍ ചെയ്തതെന്ന് ബിജെപി ആവര്‍ത്തിച്ചു.
‘ഇത് കേവലം സൈബര്‍ ആക്രമണത്തില്‍ അവസാനിക്കില്ല. നിയമപരമായും ജനകീയ മുന്നേറ്റത്തിലൂടേയും ശക്തമായി ബിജെപി പ്രതിരോധിക്കും. ഇത്തരത്തിലുള്ള രാജ്യദ്രോഹികള്‍ ഉണ്ടെങ്കില്‍ നേരിടാന്‍ രാജ്യത്തെ ജനങ്ങളുണ്ട്. അവര്‍ക്ക് സ്വാഭാവികമായും അഭിപ്രായം പറയാനും കൂറു പ്രഖ്യാപിക്കാനുമുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയില്ല’- എസ് സുരേഷ് പ്രതികരിച്ചു.
‘പ്രസക്തമല്ലാത്ത അവാര്‍ഡ് ജൂറി തീരുമാനിച്ച് അപ്രസക്തമല്ലാത്ത സമയത്ത് അത് വിതരണം ചെയ്തത് കേവലം രാജ്യദ്രോഹചിന്തകൊണ്ടാണ്. കാര്‍ട്ടൂണിസ്റ്റ് ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ലളിത കലാ അക്കാദമി ജൂറി’- എസ് സുരേഷിന്റെ അഭിപ്രായം.
അതേസമയം വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്ന് അനൂപ് നിലപാട് വ്യക്തമാക്കി. 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര, വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും. പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു, എന്നാല്‍ അവരൊന്നും ഇത്തരത്തില്‍ ആക്രമണം അഴിച്ചുവിടാറില്ലെന്നും അനൂപ് അഭിപ്രായപ്പെട്ടു.
Post Your Comments