![](/wp-content/uploads/2021/11/sandeep-1.jpg)
തിരുവനന്തപുരം: ലോക രാജ്യങ്ങൾക്കൊപ്പം കോവിഡ് സമ്മേളനത്തിൽ ഇന്ത്യയെ കാവിയണിഞ്ഞ പശുവായി അവതരിപ്പിച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി അവാർഡ് നൽകിയതിൽ വിമർശനം അതിരൂക്ഷമായി തുടരുകയാണ്. ചിലർ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും തയ്യാറായിട്ടുണ്ട്. എന്നാൽ വ്യത്യസ്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അദ്ദേഹം പറയുന്നത് ഇതിൽ അഭിമാനിക്കാൻ മാത്രമേയുള്ളു, ഈ നാടിന്റെ സംസ്കാരം തന്നെ കാവിയിലും പശുവിലും ആണ് എന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
2014 ൽ ന്യുയോർക്ക് ടൈംസിൽ സിംഗപ്പൂർ സ്വദേശിയായ ഹെങ് കിം സോങ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ അവഹേളിക്കാൻ വരച്ച കാർട്ടൂൺ ആണ് ആദ്യത്തേത്. ഭാരതം ചൊവ്വ ദൗത്യം ആരംഭിച്ചതിനെ താറടിക്കാനായിരുന്നു അത്. ബഹിരാകാശ രംഗത്തെ യൂറോപ്യൻ ആധിപത്യത്തെ ചോദ്യം ചെയ്‌ത ഭാരതത്തെ വംശീയമായി അവഹേളിക്കുകയായിരുന്നു ലക്ഷ്യം. സായിപ്പന്മാരുടെ വർണ്ണ വെറിയൻ മനോഭാവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു. 4 വർഷങ്ങൾക്കിപ്പുറം ന്യുയോർക്ക് ടൈംസ് നിരുപാധികം മാപ്പ് പറഞ്ഞ് കാർട്ടൂൺ പിൻവലിച്ചു.
7 വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്തെ ശാസ്ത്ര സമൂഹത്തെ ഒന്നടങ്കം അവഹേളിച്ച വഷളത്തരത്തിന് സർക്കാർ അംഗീകാരം നൽകിയ കാർട്ടൂൺ ആണ് രണ്ടാമത്തേത്. രണ്ടിലും പശു കടന്നു വന്നത് യാദൃശ്ചികമല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. (പുതിയ കാർട്ടൂണിന് മൗലികത ഇല്ലെന്ന് ഇതോടെ തെളിഞ്ഞു. അവാർഡ് നല്കിയവർക്ക് ഇതേപ്പറ്റി വലിയ വെളിവൊന്നും ഇല്ലെന്നും മനസിലായി.) ആഗോള തലത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ പശുവും കാവിയും മാത്രമേ ഉള്ളൂ എന്ന് സമ്മതിച്ചതിന് ഈ മഹാനെ അംഗീകരിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
പശു ദേശീയത എന്ന പരിഹാസം ആദരമായി കാണുകയാണ്. ഈ നാടിന്റെ നട്ടെല്ല് പശുവും കാവിയും തന്നെയാണ്. അതിൽ നാണക്കേട് തോന്നാത്തിടത്തോളം ഈ ചിത്രീകരണം അഭിനന്ദനം അർഹിക്കുന്നു.
പശുവിനെ ആരാധിക്കുന്ന കാഷായം ധരിക്കുന്ന ഈ പ്രകൃതന്മാർ തന്നെയാണ് അറിവിന്റെ ഭണ്ഡാരമായ വേദങ്ങൾ സൃഷ്ടിച്ചത്. ലോകത്തിന് ശാന്തി മന്ത്രം ഓതി കൊടുത്തവരും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് ഉപദേശിച്ചതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ സംഭാവന ചെയ്തതും സൂപ്പർ സോണിക് മിസൈൽ വികസിപ്പിച്ചതും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി നടപ്പാക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നതും എല്ലാം ഇതേ കാവി പശുക്കൾ തന്നെയാണ്.
വേട്ടയാടി കിട്ടിയ മൃഗങ്ങളെ ചുട്ടെങ്കിലും തിന്നണം എന്ന ബോധം മറ്റുള്ളവർക്ക് ഇല്ലാത്ത കാലത്താണ് ഇവർ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും രചിച്ചത്. ഇവർ തന്നെയാണ് ശസ്‌ത്രക്രിയ ലോകത്തിന് പരിചയപ്പെടുത്തിയതും. അതിനാൽ ഈ കാർട്ടൂൺ വരച്ച കൃതഹസ്തത അനുമോദനം അർഹിക്കുന്നു. ആയിരം കോഴിക്ക് അരക്കാട എന്നപോലെ ടൈയ്യും കോട്ടും കെട്ടി വരുന്ന ചൈനാ തലയന്മാർക്ക് തുല്യം നിൽക്കാൻ ഒരു ഇന്ത്യൻ പശു മതിയെന്ന അങ്ങയുടെ കണ്ടെത്തലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
Post Your Comments