കൊല്ലം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ കൊല്ലം ജില്ലയിൽ മാത്രം കോവിഡ് കാരണം അടച്ചിടേണ്ടി വന്നത് ഒമ്പത് സ്കൂളുകൾ. അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലമാണ് സ്കൂളുകൾക്ക് സമ്പർക്കവിലക്കും അടച്ചിടലും നടപ്പാക്കേണ്ടി വന്നത്. പ്രൈമറി സ്കൂളുകൾ പൂർണമായും അടച്ചു. എന്നാൽ മറ്റ് തലത്തിലെ സ്കൂളുകളിൽ അതാത് അധ്യാപകർ ഇടപഴകിയ ക്ലാസുകളാണ് അടച്ചത്.
മാത്രമല്ല ചിലയിടങ്ങളിൽ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ലാസിലെ മറ്റ് വിദ്യാർഥികളെ ക്വാറന്റീനിലാക്കേണ്ടിയും വന്നിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് സാഹചര്യത്തിലെ സ്വാഭാവിക രോഗപ്പടർച്ചയാണ് അധ്യാപകരിൽ റിപ്പോർട്ട് ചെയ്തതെന്നും വിദ്യാർഥികൾക്ക് രോഗം ബാധിച്ച സംഭവങ്ങൾ വളരെ കുറവാണെന്നും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ വ്യക്തമാക്കി.
Read Also : മാതാവിനെ അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത യുവതിയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അതേസമയം, നിയന്ത്രണങ്ങളിലായ സ്കൂളുകൾ ഉൾപ്പെടെ തിങ്കളാഴ്ച തുറക്കാനാണ് തീരുമാനം. ഒമ്പതാം ക്ലാസ് വിദ്യാർഥികളും എത്തുന്നതോടെ സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ മുന്നോട്ടുപോകും. രണ്ട് ബാച്ചുകളായി ബയോ ബബ്ൾ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഒമ്പതാം ക്ലാസുകാരും എത്തുന്നത്. ഇതുവരെ നടന്ന ക്ലാസുകളിൽ എച്ച്.എസ് വിഭാഗത്തിലാണ് കൂടുതൽ വിദ്യാർഥികൾ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ ക്ലാസുകളിൽ താരതമ്യേന ഹാജർ കുറവാണ്. എച്ച്.എസിലെ നിലവിലെ സ്ഥിതിക്ക് അനുസൃതമായി ഒമ്പതാം ക്ലാസിലും വിദ്യാർഥികൾ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്. വിദ്യാർഥികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നുമുള്ള സഹകരണം മികച്ചതാണെന്നും ഇതുവരെയുള്ള കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും സുബിൻ പോൾ കൂട്ടിച്ചേർത്തു.
Post Your Comments