ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധം, വ്യാപാരം, ഊർജ്ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും.
Also Read:ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു: കാമുകിയെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി
ഡിസംബർ രണ്ടാം വാരത്തിലാകും പുടിൻ ഇന്ത്യയിലെത്തുക. എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തും. ഇരു രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രത്യേക നയതന്ത്ര ബന്ധം മുൻനിർത്തി പ്രതിരോധ മന്ത്രിതല ചർച്ചയും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പ്രതിരോധം, വാണിജ്യ സഹകരണം, ശാസ്ത്ര സാങ്കേതിക രംഗം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലും ഇരു നേതാക്കളും ഒപ്പ് വച്ചേക്കും.
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം സൈനിക ബേസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ തകർച്ചയും താലിബാൻ ഭരണത്തിന്റെ വരും വരായ്കകളും ഇരു നേതാക്കളും വിലയിരുത്തും. അഫ്ഗാനിസ്ഥാൻ വിഷയം മോദിയും പുടിനും നേരത്തെ ടെലിഫോണിൽ ചർച്ച ചെയ്തിരുന്നു. ഇറാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയും റഷ്യയും നയിച്ച ടെലിഫോൺ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
Post Your Comments