തൃശൂര്‍ : ഹൈന്ദവര്‍ പുണ്യമാസമായി ആചരിക്കുന്ന മണ്ഡല-മകരമാസം പിറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പച്ചക്കറി വില കുതിച്ചുയരുന്നത്. തക്കാളി, പയര്‍, വെണ്ടക്കായ, കാപ്സികം, മുരിങ്ങക്കായ, സവാള, ഉരുളന്‍ കിഴങ്ങ്, കാരറ്റ്, പാവയ്ക്ക എന്നിവയ്ക്കാണ് കൂടുതല്‍ വില ഉയര്‍ന്നത്.
Read Also : സ്‌പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പോക്‌സോ കേസ് പ്രതി പിടിയിൽ
നേരത്തെ കിലോയ്ക്ക് 15 രൂപയുണ്ടായിരുന്ന മത്തങ്ങയ്ക്ക് 25 രൂപയായെങ്കില്‍ ചേനയ്ക്ക് 30 ഉം എളവനും നാടന്‍ കുമ്പളത്തിനും 32 രൂപയുമാണ് വില. മത്തങ്ങ കൂടാതെ ചുരയ്ക്ക, കുക്കുമ്പര്‍ എന്നിവയാണ് 25 രൂപയ്ക്ക് ലഭിക്കുന്നത്. പയറിന് 65 രൂപയും വെണ്ടയ്ക്ക 80 രൂപയിലുമെത്തി. 40 രൂപ വരെയെത്തിയ കാരറ്റിന് വീണ്ടും 60 രൂപയായി. 40 രൂപ വിലയുണ്ടായിരുന്ന മുരിങ്ങയ്ക്ക് 80 രൂപയായി.
കൂര്‍ക്ക, വഴുതനങ്ങ, ബീറ്റ്റൂട്ട്, ഉള്ളി വില 40 രൂപയാണ്. ഇന്ധനവില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ലോറി വാടക കൂടിയത് പച്ചക്കറി വിലയെ ബാധിച്ചിരുന്നു. തമിഴ്നാട്ടിലുണ്ടായ ചക്രവാതച്ചുഴി വിളനാശം വരുത്തിയതാണ് നിലവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. മഴ ഇനിയും തുടര്‍ന്നാല്‍ വില കുതിക്കുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
സവാളയ്ക്കും വിലകൂടി
രണ്ടാഴ്ച മുമ്പ് വരെ മൂന്ന് കിലോ നൂറു രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയുടെ വില കിലോയ്ക്ക് അമ്ബതായി. ഊട്ടി ഉരുളന്‍ കിഴങ്ങിനും അമ്പത് രൂപയാണ് വില. സവാള വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പഴങ്ങള്‍ക്ക് ആശ്വാസ വില
പച്ചക്കറികള്‍ക്ക് വില കുതിക്കുന്നുണ്ടെങ്കിലും പഴങ്ങള്‍ക്ക് കാര്യമായ വിലവര്‍ദ്ധനവില്ല. നേന്ത്രപ്പഴം 35-40 , റോബസ്റ്റ് 25, പൂവന്‍പഴം 40, ഞാലിപ്പൂവന്‍ 40, ചെറുപഴം 25 എന്നിങ്ങനെയാണ് ഇന്നലത്തെ വില . നേത്രക്കായയ്ക്ക് 35 മുതല്‍ 38 രൂപ വരെയാണ് വില.
Post Your Comments