വിളപ്പിൽശാല: യുവാവിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്. രണ്ട് വർഷമായി ഇയാൾ ഒളിവിലായിരുന്നു. മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിളപ്പില്‍ശാലയിലെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നു. യുവാവിന്റെ ഭാര്യയുടെ സുഹൃത്തായിരുന്നു വിഷ്ണു. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു.
വിഷ്ണു, തന്റെ ബന്ധുവാണെന്നായിരുന്നു യുവതി ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതുമുതലെടുത്ത് ഇരുവരും യുവാവിനെ ചതിക്കുകയായിരുന്നു. ഒരിക്കൽ വിഷ്ണുവുമൊത്തുള്ള ഭാര്യയുടെ അശ്ലീല വീഡിയോ കാണാനിടയായ യുവാവ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പോലീസ് ഭാഷ്യം.
സംഭവത്തിൽ വിഷ്ണുവിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലായിരുന്നു. ഭർത്താവ് മരിച്ച് അധികം താമസിയാതെ യുവതി കാമുകനായ വിഷ്ണുവിനൊപ്പം താമസം ആരംഭിച്ചു. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിസ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായില്ല.
Post Your Comments