കൊച്ചി: യൂറോപ്പിനെ കീഴടക്കി വീണ്ടും കൊവിഡ് പടരുന്നു. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്കിടയിലെ രോഗ വ്യാപനമാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. 67.2 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജര്‍മനിയില്‍ വ്യാഴാഴ്ച 50,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ഏറ്റവും തീവ്രമായി നിലനിന്നിരുന്ന യുകെയില്‍ ഈ വാരം 35,000 ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also : പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
കഴിഞ്ഞ ആഴ്ചയിലെ പുതിയ കേസുകളേക്കാള്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വാരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായത്. മരണ നിരക്കില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ് നിര്‍ണായക ഘട്ടത്തിലാണെന്നും വാക്‌സിനേഷനിലെ പോരായ്മയും നിയന്ത്രണങ്ങളിലെ ഇളവുകളും കാരണം കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം യൂറോപ്യന്‍ രാജ്യങ്ങളുമായി സാമ്യമുള്ളതിനാല്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ക്ക് ഇവിടെ സമാനമായ ഫലങ്ങള്‍ ഉണ്ടായേക്കാം. സംസ്ഥാനത്ത് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകള്‍ ഗുരുതരമാകാറില്ല. മരണ നിരക്കും കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സമാനമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ കേസുകള്‍ കണ്ടെത്തുന്നത് കുറവാണെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments