ഡൽഹി: ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിർബ്ബന്ധിക്കണമെന്നും ശേഷം 2020 ഏപ്രിൽ മാസത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ചൈനയിൽ അപ്രതീക്ഷിത ലോക്ക്ഡൗൺ: മാളിൽ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി
വടക്ക് കിഴക്കൻ മേഖലയിൽ ചൈന കടന്നു കയറി എന്ന വാർത്ത ജനറൽ ബിപിൻ റാവത്ത് നിഷേധിച്ചു. വർഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് അവർ നിർമ്മാണ പ്രവർത്തനം നടത്തിയത്. അതിനെ ഇപ്പോഴുണ്ടായ കടന്നു കയറ്റം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാൻ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഗാൽവനിലേത് പോലുള്ള നടപടി ചൈന ഇനിയും ആവർത്തിച്ചാൽ അന്ന് നൽകിയ മറുപടി തന്നെ ഇന്ത്യ വീണ്ടും തിരിച്ചു നൽകും. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈന നിയമനിർമാണം നടത്താൻ തുടങ്ങുകയാണെന്ന വാർത്തയോട്, മനോരാജ്യം കാണാൻ ആർക്കും അവകാശമുണ്ട് എന്നായിരുന്നു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രതികരണം.
Post Your Comments