
ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ 96 രാജ്യങ്ങൾ തയ്യാറായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മറ്റുള്ള രാജ്യങ്ങളുമായും കേന്ദ്ര സർക്കാർ ആശയവിനിമയം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പ്രക്രിയ എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം വിശേഷിപ്പിക്കപ്പെടുന്നത്.
Also Read:കൊവിഡ് ബാധ ജീവൻ രക്ഷിച്ചു: ആശ്വാസത്തിൽ ഇന്ത്യൻ വംശജനായ സിംഗപൂർ സ്വദേശി
ലോകരാജ്യങ്ങൾ ഇന്ത്യൻ വാക്സിനുകൾ അംഗീകരിക്കുന്നതോടെ ഈ വാക്സിൻ സ്വീകരിച്ചവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ബിസിനസ് ആവശ്യങ്ങൾക്കോ ടൂറിസം സംബന്ധിയായ കാര്യങ്ങൾക്കോ ലോകത്തെവിടെയും യാത്ര ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി പരിശ്രമിക്കുകയാണ്. വാക്സിനുകളുടെ ഉഭയകക്ഷി അംഗീകാരമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ആശയം. അതിനിടെ രാജ്യത്ത് ആകെ 108.47 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Post Your Comments